ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പാര്‍ട്ടി വിട്ടവര്‍ക്ക്‌ പട്ടട തന്നെ വിധി

എഴുതാപ്പുറം | സി.പി. സൈതലവി
 
 
ഒഞ്ചിയത്തെ സി.പി.എം ഓഫീസായ മണ്ടോടി കണ്ണന്‍ സ്‌മാരകത്തിലെ മറിച്ചിട്ട കസേരകള്‍ നോക്കി എം.എല്‍.എമാര്‍ വികാരഭരിതരായി നിന്നു. പൊട്ടിയ ജനല്‍ ചില്ലിനുള്ളിലൂടെ എടുത്ത ഫോട്ടോയില്‍ വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന എളമരം കരീമും എ.കെ. ശശീന്ദ്രനും സി.കെ. നാണുവും. മുഖത്ത്‌ ഘനീഭവിച്ച ദുഃഖം. ദേശാഭിമാനി (2012 മെയ്‌ 9) ഒന്നാം പേജിലെ വര്‍ണ ചിത്രം ഒഞ്ചിയത്തെ `നഷ്‌ട'ക്കണക്കെടുക്കാന്‍ വന്ന സി.പി.എം വിധേയ എം.എല്‍.എമാരുടെ ഭാവഹാവാദികള്‍ ഒപ്പിയെടുത്തു. അവരുടെ നഷ്‌ടങ്ങളെല്ലാം നികത്താന്‍ മണിക്കൂറു കൊണ്ടാവുമെങ്കിലും.
പക്ഷെ, ഒരിക്കലും പരിഹരിക്കാനാവാത്ത മഹാനഷ്‌ടത്തിന്റെ സങ്കടക്കടലില്‍ ഒരമ്മയും മകനും ഉറ്റവരും വേദന തിന്നു കഴിയുന്നുണ്ട്‌ തൊട്ടപ്പുറത്ത്‌. വെട്ടിനുറുക്കി കഷ്‌ണങ്ങളാക്കിയ ഒരു ജീവന്റെ നഷ്‌ടം. ഒരു ജനതയുടെ സ്വപ്‌നങ്ങളുടെയും. തിരിഞ്ഞു നോക്കിയില്ല ഒരു സി.പി.എം നേതാവും അവിടേക്ക്‌. `അനുവദിക്കുമെങ്കില്‍ ടി.പി. ചന്ദ്രശേഖരന്റെ വീടും ഒന്നു സന്ദര്‍ശിക്കാം' എന്നായിരുന്നു കേരളം നടുങ്ങിയ ക്രൂരതയോട്‌ സി.പി.എമ്മുകാരുടെ ഔദാര്യം. മെയ്‌ 8നാണ്‌ സി.പി.എം സംഘം നിരോധനാജ്ഞ ലംഘിച്ച്‌ ഒഞ്ചിയത്ത്‌ ചെല്ലുന്നത്‌. ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്‌ മെയ്‌ 4ന്‌ രാത്രിയും. അനുവാദം ചോദിക്കാതെ ആര്‍ക്കും മരണ വീട്ടില്‍ ചെല്ലാവുന്ന സമയം ധാരാളമുണ്ടായിരുന്നു. അച്യുതാനന്ദനെ പോലെയുള്ളവര്‍ പോയ നേരം. ശുദ്ധ കമ്യൂണിസ്റ്റുകാരായ പന്ന്യന്‍ രവീന്ദ്രനും ഒഞ്ചിയത്തെ വെടിയുണ്ട നെഞ്ചില്‍ കൊണ്ടുനടക്കുന്ന പുറവില്‍ കണ്ണനും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും ആ വീടിന്റെ നിലവിളികളില്‍, നാടിന്റെ കൂട്ടക്കരച്ചിലുകളില്‍ കണ്ണീരടക്കാനാവാതെ നിന്ന സമയം. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷിഭേദമില്ലാതെ ജനം ഒന്നടങ്കം ആ രക്തനക്ഷത്രത്തെ കണ്ണിമക്കാതെ നോക്കിനിന്ന അന്ത്യനിമിഷങ്ങള്‍. അന്നൊന്നും ആ വഴിയെ പോകാത്തവര്‍ പട്ടടയിലെ അവസാന കനലും കെട്ടുകഴിഞ്ഞ്‌ നാലാം നാള്‍ പറയുന്നു; `അങ്ങോട്ടു ചെല്ലരുതെന്ന്‌ പറഞ്ഞിരിക്കുന്നു' വെന്ന്‌. പരിഹാസത്തിന്റെ സഹതാപ കണ്ണീരുമായി അങ്ങോട്ടുവരേണ്ടെന്ന്‌ ഇടതുപക്ഷ ഏകോപന സമിതിയുടെയും ആര്‍.എം.പിയുടെയും ഭാരവാഹികള്‍ സി.പി.എമ്മുകാരോട്‌ പറഞ്ഞത്‌ കൊലപാതകം നടന്ന്‌ ദിവസമേറെ കഴിഞ്ഞാണ്‌. മലയാളത്തിലെ സര്‍വചാനലുകളും ഇടതടവില്ലാതെ സംപ്രേഷണം ചെയ്യുകയും മെയ്‌ 5ന്‌ കേരളത്തിലിറങ്ങിയ സകല ദിനപത്രങ്ങളിലും ഒന്നാം പേജ്‌ നിറഞ്ഞ്‌ നില്‍ക്കുകയും ചെയ്‌ത നടുക്കമുളവാക്കിയ സംഭവം `ദേശാഭിമാനി' യുടെ അവസാന പേജിലെ ഒരു മൂലയില്‍ `ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ചു' എന്ന്‌ വെറും രണ്ടു കോളം സ്വാഭാവിക വാര്‍ത്തയായി ചുരുങ്ങിയതിലുണ്ട്‌ പാര്‍ട്ടിയുടെ ഉള്ളിലിരിപ്പ്‌. അവര്‍ക്കു മുന്നില്‍ നാഥന്‍ നഷ്‌ടപ്പെട്ട കുടുംബത്തിന്റെയോ നായകന്‍ നഷ്‌ടപ്പെട്ട ജനതയുടെയോ വിലാപത്തിനെന്ത്‌ പ്രസക്തി?

നന്ദു എന്ന പതിനാറുകാരന്റെ സ്ഥാനത്ത്‌ സ്വന്തം മക്കളായിരുന്നെങ്കിലോ എന്ന്‌ കരിങ്കല്‍ ഹൃദയവുമായി നടക്കുന്ന ഒരു സി.പി.എം അച്ഛനും തോന്നിക്കാണില്ല. അങ്ങനെയൊരു മനസ്സ്‌ സി.പി.എമ്മുകാര്‍ക്കുണ്ടായിരുന്നെങ്കില്‍ കണ്ണൂരിലെ അരിയില്‍ അബ്‌ദുല്‍ശുകൂര്‍ എന്ന ബിരുദ വിദ്യാര്‍ത്ഥിയെ ദാഹജലം പോലും നല്‍കാതെ രണ്ടര മണിക്കൂര്‍ വിചാരണ ചെയ്‌ത്‌ മഴുകൊണ്ട്‌ വെട്ടിനുറുക്കി കൊല്ലാന്‍ കല്‍പന നല്‍കില്ലായിരുന്നല്ലോ?
പിണറായി പുത്രനെ പോലെ ലക്ഷങ്ങള്‍ മുടക്കിയ വിദേശവിദ്യാഭ്യാസവും കോടിയേരി സന്തതികളെ പോലെ ഭരണത്തണലിലെ സുഖവാസവും കിട്ടിയില്ലെങ്കിലും `ധീരനായ അച്ഛന്റെ ധീരനായ പുത്രനായി' മലയാളിയുടെ മനസ്സിലിടം നേടാന്‍ ടി.പി. ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ്‌ എന്ന നന്ദുവിന്‌ ഈ ഇളം പ്രായത്തില്‍ കഴിഞ്ഞിരിക്കുന്നു. മെയ്‌ നാലിന്‌ രാത്രി വീട്ടിലിരുന്ന്‌ ടി.വി. കാണുമ്പോഴാണ്‌ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത `ഫ്‌ളാഷ്‌' ആയി വരുന്നത്‌. നന്ദു ആദ്യം ചെയ്‌തത്‌ ടി.വി ഓഫാക്കി വീട്ടിലേക്കുള്ള കേബിള്‍ കണക്‌ഷന്‍ മുറിച്ചു മാറ്റുകയായിരുന്നു. അമ്മയും മുത്തശ്ശിയും വാര്‍ത്ത പെട്ടെന്നറിയാതിരിക്കാന്‍. അച്ഛന്റെ മരണവാര്‍ത്ത കേട്ട്‌ ഇന്നോളം നന്ദുവിന്റെ കണ്ണ്‌ നിറഞ്ഞ്‌ ആരും കണ്ടിട്ടില്ല. ഒരേയൊരു മകന്‍. പിന്നെ അച്ഛനും അമ്മയും. അടുത്ത മാസം താമസം മാറ്റാനിരിക്കുന്ന പുതിയ വീട്‌. ഇതിനിടെ ഒത്തുകിട്ടിയ ഒരിടവേളയില്‍ നന്ദുവിനെ ചേര്‍ത്തിരുത്തി തലോടിക്കൊണ്ട്‌ അച്ഛന്‍ പറഞ്ഞു: `നിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ വീണാല്‍ പിന്നെ അച്ഛന്റെ ആത്മാവിന്‌ ശാന്തി കിട്ടില്ല.' അച്ഛനു കൊടുത്ത വാക്ക്‌ അക്ഷരം പ്രതി പാലിക്കുന്ന മകന്‍. `ഏട്ടനെ അവര്‍ക്കു കൊല്ലാനേ കഴിയൂ. തോല്‍പിക്കാനാവില്ല' എന്ന്‌ പ്രിയഭര്‍ത്താവിന്റെ വേര്‍പാടിനു തൊട്ടടുത്ത നിമിഷം തന്നെ ഘാതകരോടു വിളിച്ചുപറയാന്‍ ചങ്കുറപ്പുള്ള ഭാര്യ രമ.

സ്വന്തം വീടിനുള്ളില്‍ ടി.പി. ചന്ദ്രശേഖരന്‍ സാന്നിധ്യം കൊണ്ടു മാത്രം കോരിയിട്ട കനല്‍ ചൂട്‌ ഇത്രയുണ്ടെങ്കില്‍ ഒഞ്ചിയം മേഖലയില്‍ ആ വിപ്ലവകാരി എത്ര വലിയ അഗ്നിപര്‍വതമായിരിക്കണം? പോളിറ്റ്‌ ബ്യൂറോയെ പേടിക്കാത്ത പിണറായി വിജയന്‍ അപ്പോള്‍ ഒഞ്ചിയത്തെ ഭയപ്പെട്ടതില്‍ കാര്യമുണ്ട്‌. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ കണ്ട്‌ പിണറായി ഗ്രൂപ്പ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അസ്വസ്ഥമാകുന്നത്‌ വെറുതെയല്ല.

`പാര്‍ട്ടി വിട്ടവരെ കൊന്നുതള്ളുന്നത്‌ സി.പി.ഐ.എം ശൈലിയല്ല' എന്നാണ്‌ പിണറായി വിജയന്റെ പ്രസ്‌താവന. അങ്ങനെ പറയാനുള്ള അര്‍ഹത രണ്ടുനിലക്കും പിണറായിക്കുണ്ട്‌. ഒന്ന്‌ പാര്‍ട്ടി സെക്രട്ടറി. പിന്നെ സി.പി.എം കോടതിയുടെ അധിപനും. പിണറായി വിജയന്‍ കണ്ണൂരില്‍ ചെയ്‌ത പ്രസംഗം ദേശാഭിമാനി ഒന്നാം പേജില്‍ അച്ചടിച്ചു വന്നത്‌ ഇങ്ങനെ; `പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന നിലപാട്‌ സ്വീകരിക്കുന്നവരെ ശാരീരികമായി ആക്രമിച്ച്‌ നശിപ്പിക്കാമെന്ന്‌ കരുതാന്‍ മാത്രം മൗഢ്യമുള്ളവരല്ല ഞങ്ങള്‍. പലകാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരും നടപടിയെടുത്ത്‌ പുറത്താക്കിയവരുമുണ്ട്‌. ആരെയും കൊന്നുതള്ളാന്‍ സി.പി.എം തയ്യാറായിട്ടില്ല. .... പാര്‍ട്ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേര്‍ന്ന്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ കുലം കുത്തികളും കുലദ്രോഹികളുമാണ്‌. പാര്‍ട്ടിയെ തകര്‍ക്കാനും ദ്രോഹിക്കാനും നില്‍ക്കുന്നവരോട്‌ നല്ലവാക്ക്‌ പറഞ്ഞിട്ട്‌ കാര്യമില്ല...... എം.വി. രാഘവനെയും കെ.ആര്‍. ഗൗരിയമ്മയെയും പാര്‍ട്ടി നേരിട്ടത്‌ പ്രത്യയശാസ്‌ത്രപരമായാണ്‌' (2012 മെയ്‌ 10).
പാര്‍ട്ടി വിട്ടവരെ സി.പി.എം പ്രത്യയശാസ്‌ത്രം കൊണ്ട്‌ നേരിടുന്നതിന്റെ മികച്ച ഉദാഹരണം സി.എം.പിയും എം.വി. രാഘവനും തന്നെ. 1987ല്‍ നിയമസഭയിലിട്ടായിരുന്നു എം.വി. രാഘവനു നേര്‍ക്കുള്ള ആദ്യ അക്രമം. വീട്‌ അഗ്നിക്കിരയാക്കിയും പലതവണ വധശ്രമം നടത്തിയും എം.വി.ആറിനെ പിന്തിരിപ്പിക്കാന്‍ നോക്കി. ഫലിക്കാതായപ്പോഴാണ്‌ പക തീര്‍ക്കാന്‍ സി.പി.എമ്മുകാര്‍ തീപന്തങ്ങളുമായി പാപ്പിനിശ്ശേരിയിലെ പാമ്പ്‌ വളര്‍ത്തല്‍ കേന്ദ്രത്തിലേക്കു കുതിച്ചത്‌.

നൂറുകണക്കിനു പാമ്പുകളെയും, മയില്‍, കുരങ്ങ്‌, മുയല്‍ തുടങ്ങി വിവിധയിനം മിണ്ടാപ്രാണികളെയും ചുട്ടുകൊന്നാണ്‌ സി.പി.എമ്മുകാര്‍ എം.വി. രാഘവനോട്‌ `പ്രത്യയശാസ്‌ത്ര യുദ്ധം' നടത്തിയത്‌.
സി.എം.പി നേതാവ്‌ അഡ്വ. ഹരീന്ദ്രനെ ബാര്‍ബര്‍ ഷാപ്പില്‍ മുടി വെട്ടിക്കൊണ്ടിരിക്കെയാണ്‌ ഗുണ്ടാസംഘം അക്രമിച്ച്‌ കൊല്ലാനാക്കിയത്‌. ഏതാണ്ട്‌ അതേ അളവിലുള്ള `പ്രത്യയാശസ്‌ത്ര' സഹായം ഗൗരിയമ്മക്കും ചാത്തുണ്ണി മാസ്റ്റര്‍ക്കും സി.കെ. ചക്രപാണിക്കുമെല്ലാം സി.പി.എമ്മില്‍ നിന്നു കിട്ടി. സി.പി.എം വിട്ട്‌ എം.വി. രാഘവനൊപ്പം പോയതിനാണ്‌ കാസര്‍ക്കോട്‌ ഉദുമയിലെ പള്ളിക്കര വേണു ഗോപാലന്‍ നായരെ 1987ല്‍ തെങ്ങില്‍ കെട്ടിയിട്ട്‌ ചുറ്റിലും തീ കത്തിച്ച്‌ തലക്ക്‌ കല്ലു കൊണ്ടിടിച്ചു കൊന്നത്‌. തലശ്ശേരിയിലെ മാടപ്പീടിക മുഹമ്മദ്‌ ഫസലിനെ സി.പി.എം വിട്ട്‌ എന്‍.ഡി.എഫില്‍ ചേര്‍ന്നതിനാണ്‌ പുലര്‍ച്ചെ വെട്ടിക്കൊന്നത്‌. ഫസലിന്റെ വീട്‌ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി കോടിയേരി ആര്‍.എസ്‌.എസുകാരാണ്‌ ഘാതകരെന്ന്‌ പരസ്യപ്രസ്‌താവന നടത്തി. ഒരു വര്‍ഗീയ കലാപം കൂടി മനസ്സില്‍ കണ്ടുള്ള നീക്കം. ഒടുവില്‍ സി.ബി.ഐ അന്വേഷണത്തില്‍ പിടിക്കപ്പെട്ടത്‌ സി.പി.എം ജില്ലാ നേതാവും ഗുണ്ടകളും.

പയ്യന്നൂര്‍ പുഞ്ചക്കാട്‌ മുട്ടില്‍ സുധാകരന്‍ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ ഇടതുപക്ഷ ഏകോപന സമിതിയില്‍ പ്രവര്‍ത്തിച്ചതിനാണ്‌ സി.പി.എം ഗുണ്ടാസംഘം കടയില്‍ കയറി വെട്ടിനുറുക്കിയത്‌. 2010ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സി.പി.എം തോറ്റതിന്റെ പ്രതികാരം. ചലന ശേഷി നഷ്‌ടപ്പെട്ട്‌ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ നരകിച്ചു കഴിയുന്നു സുധാകരന്‍.
സി.പി.എം ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്ന ഷൊര്‍ണൂരിലെ എം.ആര്‍. മുരളി പാര്‍ട്ടി വിട്ട ശേഷം പലതവണ മൃഗീയമായി ആക്രമിക്കപ്പെട്ടു. നഗരസഭാ ചെയര്‍മാനായിട്ടും രക്ഷയുണ്ടായില്ല. ഇപ്പോഴും വധഭീഷണിയുടെ നിഴലില്‍ കഴിയുന്നു.

മലപ്പുറം പൊന്നാനി വെളിയങ്കോട്ടെ സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹമീദ്‌മോന്‍ (35) പാര്‍ട്ടി വിട്ട്‌ മുസ്‌ലിംലീഗില്‍ ചേര്‍ന്നതിനാണ്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറില്‍ നിന്ന്‌ അവധിക്കു വന്ന സമയം സി.പി.എമ്മുകാര്‍ പട്ടാപ്പകല്‍ അങ്ങാടിയിലിട്ട്‌ വെട്ടിക്കൊന്നത്‌. 2004 മാര്‍ച്ച്‌ 30നായിരുന്നു ആ ക്രൂരകൃത്യം. ഖത്തര്‍ കെ.എം.സി.സി പൊന്നാനി മണ്ഡലം ജനറല്‍ സെക്രട്ടറിയും മികച്ച സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു അന്ന്‌ ഹമീദ്‌ മോന്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട്‌ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സൂരജിനെ വധിച്ചത്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ്‌. പാര്‍ട്ടി വിട്ടവരെ കൊലക്കത്തി കൊണ്ടാണ്‌ സി.പി.എം `ആശയ'പരമായി നേരിടുകയെന്നതിന്‌ ഉദാഹരണങ്ങള്‍ ഇനിയുമേറെയുണ്ട്‌.

നാല്‍പത്തെട്ടു വയസ്സുവരെയും സി.പി.എമ്മിനു വേണ്ടി മാത്രം ജീവിച്ച ടി.പി. ചന്ദ്രശേഖരന്‌ തന്റെ പൂര്‍വ സംഘടനയുടെ കയ്യിലിരിപ്പ്‌ നന്നായറിയാം. അതു കൊണ്ടാണ്‌ പലവട്ടം ചന്ദ്രശേഖരന്‍ പലരോടുമായി ഇങ്ങനെ പറഞ്ഞത്‌: `പാര്‍ട്ടി ഒരാളെ കൊല്ലണമെന്നു തീരുമാനിച്ചാല്‍ കൊന്നിരിക്കും. അതിന്റെ പേരില്‍ എന്നെയാരും സംരക്ഷിക്കേണ്ട' എന്ന്‌. അതിനര്‍ത്ഥം എത്ര കനത്ത സുരക്ഷയുണ്ടായാലും ഇടിമിന്നല്‍പോലെ സി.പി.എം കൊലയാളി സംഘം ഇരയെ കൈകാര്യം ചെയ്യുമെന്നാണ്‌. `ജയകൃഷ്‌ണന്‍ മാസ്റ്ററുടെ ഗതിവരും', `ചന്ദ്രശേഖരന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്നിങ്ങനെ സി.പി.എം ജാഥയില്‍ നിന്ന്‌ പരസ്യമായി മുദ്രാവാക്യം ഉയരുമ്പോള്‍, `കുലംകുത്തികള്‍ക്ക്‌ ഒരു ഘട്ടത്തിലും മാപ്പില്ല; ഈ പാര്‍ട്ടിയുടെ മുന്നില്‍ മാപ്പില്ല' എന്ന്‌ പലവട്ടം പിണറായി വിജയന്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ തന്നെ വന്ന്‌ ഭീഷണി മുഴക്കുമ്പോള്‍ ആര്‍ക്കായാലും ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്‌. അതാണ്‌ ചന്ദ്രശേഖരന്റെ വാക്കുകളായി ഭാര്യ രമ പറയുന്നത്‌: `അവര്‍ എന്നെ ഇല്ലാതാക്കും' എന്ന്‌. തനിക്കു നേരെ നേരത്തെ ഒമ്പത്‌ തവണ നടന്ന വധശ്രമങ്ങള്‍, ആര്‍.എം.പി പ്രവര്‍ത്തകരായ ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ജയരാജന്‍, എം.പി. ദാമോദരന്‍, കെ.കെ. ജയന്‍, ടി.പി. ബാലന്‍, താഴെക്കുനി കേളപ്പന്‍, അഖിലേഷ്‌ തുടങ്ങിയവരെ ബോംബെറിഞ്ഞും വെട്ടിപ്പരിക്കേല്‍പിച്ചും നടത്തിയ കൊലപാതക ശ്രമങ്ങള്‍. ഇതെല്ലാം ചന്ദ്രശേഖരനു മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയുടെ മുഖപത്രമായ `ഇടത്‌പക്ഷം' മാസികയില്‍ `ഒഞ്ചിയത്ത്‌ സി.പി.എം ഫാസിസം' എന്ന അവസാനത്തെ ലേഖനത്തിലും അതാണ്‌ ടി.പി. വരച്ചുകാട്ടിയത്‌. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായി വിജയനെ പ്രതി ചേര്‍ക്കണമെന്ന ഇടതുപക്ഷ ഏകോപന സമിതിയുടെ ആവശ്യം കേവലം രാഷ്‌ട്രീയ വിദ്വേഷം എന്ന കള്ളിയിലൊതുങ്ങുന്നതല്ല. എഴുതിത്തള്ളിക്കൂടാ. കാര്യകാരണ സഹിതമാണ്‌ സി.പി.എം പരമാധികാരിക്കെതിരായ ആരോപണമുയരുന്നത്‌.

മെയ്‌ 10ന്‌ രാത്രി ഒരു ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന സി.പി.എം നേതാവ്‌ വി.വി. ദക്ഷിണാമൂര്‍ത്തി പറഞ്ഞു: ``ആര്‍.എം.പി നേതാവ്‌ കൊലചെയ്യപ്പെട്ടതു കൊണ്ട്‌ ആ രാഷ്‌ട്രീയ പാര്‍ട്ടിക്കു ഭാവിയില്ലാത്തതിനാല്‍ അവരെ സി.പി.ഐക്കു കിട്ടും എന്ന്‌ പ്രതീക്ഷയുണ്ടായിരിക്കാം''. ഇതിനര്‍ത്ഥം ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു കഴിഞ്ഞാല്‍ ആര്‍.എം.പിക്കു ഭാവിയില്ലെന്ന്‌ സി.പി.എം നിശ്ചയിച്ചിരിക്കുന്നുവെന്നു തന്നെ. ചന്ദ്രശേഖരനെ `കുലംകുത്തി' എന്നു വിളിച്ചത്‌ പാര്‍ട്ടി ശത്രുക്കളോടൊപ്പം ചേര്‍ന്ന്‌ പാര്‍ട്ടിയെ വെല്ലുവിളിച്ചതിനാണെന്ന്‌ പിണറായി പറയുന്നു.
യു.ഡി.എഫില്‍ ഘടകമായ എം.വി.ആറിനും ഗൗരിയമ്മക്കും കഴിയാത്ത വെല്ലുവിളി ചന്ദ്രശേഖരനു കഴിഞ്ഞു എന്ന്‌ സി.പി.എമ്മിനു സമ്മതിക്കേണ്ടി വരികയാണ്‌. ചന്ദ്രശേഖരന്‍ രൂപപ്പെടുത്തിയത്‌ അധികാരം ആവശ്യമില്ലാത്ത ഒരു ബദല്‍ സി.പി.എം. സ്വന്തമായി മാനിഫെസ്റ്റോ. ഭരണഘടന. വര്‍ഗ, ബഹുജന സംഘടനകള്‍. സ്വന്തം മുഖപത്രം. വളണ്ടിയര്‍ സേന. ആര്‍ക്കു മുന്നിലും തോറ്റുകൊടുക്കാത്ത വിപ്ലവവീര്യം. ആരോടും സന്ധി ചെയ്യാത്ത ഒറ്റയാന്‍. അതുകൊണ്ട്‌ ആര്‍.എം.പിയെ തന്നെയാണ്‌ സി.പി.എം പേടിക്കേണ്ടത്‌. ചന്ദ്രശേഖരനെ പിണറായി വിജയനും.

കൊലക്കേസില്‍ കൂട്ടുപ്രതിയാകാന്‍ പോകുന്നവന്റെ വെപ്രാളം പോലെയാണ്‌ സി.പി.എം അധിപന്റെ പ്രസ്‌താവനകള്‍. ആര്‍ക്കും സംശയം തോന്നുന്ന ശരീര ഭാഷ. ആരാണ്‌ പ്രതിയെന്ന്‌ ആദ്യം പറഞ്ഞതും പിണറായി തന്നെ. ക്വട്ടേഷന്‍ സംഘമാണെന്ന്‌.
ഒരു ചാണ്‍ നീളമുള്ള മുഖത്ത്‌ 51 വെട്ടുകള്‍. അവസാനമായി ആ മുഖത്തു പോലും ആരും നോക്കരുതെന്ന ക്രൂരവിധി. പക്ഷെ, പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്ക്‌ പട്ടടയൊരുക്കുന്ന മാര്‍ക്‌സിസ്റ്റ്‌ പ്രാകൃതത്വത്തെ സ്വന്തം ചോര കൊണ്ട്‌ തളച്ചിരിക്കുന്നു ടി.പി. ചന്ദ്രശേഖരന്‍.
ഒരൊറ്റ മരണത്തിലൂടെ ചന്ദ്രശേഖരന്‍ എല്ലാ പോരാളികളെയും അസൂയപ്പെടുത്തിക്കളഞ്ഞു. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഒരേ പ്രത്യയാശാസ്‌ത്രത്തിന്റെ പേരില്‍ - ഒരേ കൊടി പിടിച്ചവരാല്‍ കൊല ചെയ്യപ്പെട്ട വിപ്ലവകാരിയായി ഒഞ്ചിയത്തിന്റെ ആകാശത്ത്‌ എന്നുമുണ്ടാകും ആ രക്തനക്ഷത്രം. എന്തായാലും ഒരിക്കല്‍ മരിക്കണം. അത്‌ പോര്‍ക്കളത്തിലാവുക. മരണാനന്തരം പ്രതിയോഗികളെ കൂടുതല്‍ വിറപ്പിച്ചു കൊണ്ട്‌. ഇനി വിശ്രമിക്കാനാവില്ല ടി.പിയുടെ അനുയായികള്‍ക്ക്‌. ഇനി സുഖനിദ്രയില്ല ചന്ദ്രശേഖരന്റെ ശത്രുക്കള്‍ക്കും. മൃത്യുവിന്‌ താഴ്‌ത്താനാവാത്ത ജീവിതത്തിന്റെ കൊടിപ്പടമായി ടി.പി. ചന്ദ്രശേഖരന്‍ ഉയര്‍ന്നു പറക്കുകയാണ്‌.

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails